Hyderabad university – student – police attack – vc

ഹൈദരാബാദ്: സര്‍വ്വകലാശാല വിസിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍. ഭക്ഷണവും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച സര്‍വ്വകലാശാല അധികൃതര്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് അക്രമം അഴിച്ചു വിടുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പൊലീസുകാരുടെ ക്രൂരപീഡനത്തിന് ഇരയായ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി ഉദയ് ഭാനു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവിലാണ്. സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഭക്ഷണം പാകം ചെയ്തതിനാണ് ഉദയ് ഭാനുവിനെ പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്.

അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം പൊലീസുദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത രണ്ട് അധ്യാപകരുള്‍പ്പെടെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ എവിടെയെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരുന്ന ഹൈദരാബാദ് സര്‍വ്വകലാശാല വിസി പി അപ്പറാവുവിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

വിസിയുടെ ഓഫിസിലെ ടിവി അടക്കമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ത്തു. വിസിയുടെ വസതിക്ക് പുറത്തും ഓഫീസിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനെ തുടര്‍ന്ന് 36ഓളം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ വിസിയെ പുറത്താക്കണമെന്നും കസ്റ്റഡിയില്‍ എടുത്തവരെ മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല സര്‍വകലാശാല കവാടത്തിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു. രോഹിതിന്റെ സഹോദരനും കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ധര്‍ണയിരിക്കുന്നത്.

Top