ഹൈദരാബാദ് ഇരട്ടസ്‌ഫോടനം: രണ്ട് പേര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി പിന്നീട്

ഹൈദരാബാദ്: 2007ല്‍ നടന്ന ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അനീഖ് ഷഫീഖ് സയിദ്, മുഹമ്മദ് അക്ബര്‍ ഇസ്മയില്‍ ചൗധരി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ മൂന്ന് പ്രതികളെ വെറുതെ വിട്ടു. ഫാറൂഖ് ഷറഫുദ്ദീന്‍ തര്‍ക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്രാര്‍ അഹമ്മദ് ഷൈഖ്, തരീഖ് അന്‍ജും എന്നിവരെയാണ് വെറുതെ വിട്ടത്.

സുരക്ഷാ കാരണങ്ങളാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ മാസം 27 ന് വിധി പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടിത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

2007ല്‍ ലുംബിനി- ഗോകുല്‍ ചാട്ട് എന്നിവിടങ്ങളില്‍ ഉണ്ടായ ഇരട്ട സ്‌ഫോടത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. അനീഖ് ഷഫീഖ് സയിദ്, മുഹമ്മദ് അക്ബര്‍ ഇസ്മയില്‍ ചൗധരി, ഫാറൂഖ് ഷറഫുദ്ദീന്‍ തര്‍ക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്രാര്‍ അഹമ്മദ് ഷൈഖ്, തരീഖ് അന്‍ജും എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

തെലങ്കാന പൊലീസിലെ ഇന്റലിജന്‍സ് വിഭാഗമാണ് കേസ് അന്വേഷിച്ചത്‌. ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്‌ഫോടനത്തിനു പിറ്റേദിവസം വിവിധയിടങ്ങളില്‍ നിന്നായി 19 ബോംബുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു.

Top