തെലങ്കാന സംഭവം വെള്ളിത്തിരയിലേക്ക്, കമ്മീഷണർ റോളിൽ സൂപ്പർ താരമെത്തും ?

ഹൈദരാബാദ് : ലേഡി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നവരെ വെടിവെച്ച് കൊന്ന സംഭവം സിനിമയാക്കുന്നു. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനാണ് സംഭവം വെള്ളിത്തിരയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. താരങ്ങളെ സംബന്ധിച്ച് തീരുമാനമായാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ചിരഞ്ജീവി മുതല്‍ മഹേഷ് ബാബുവരെയുള്ള സൂപ്പര്‍ താരങ്ങളെയാണ് ഐ.പി.എസ് ഓഫീസറുടെ റോളിലേക്ക് പരിഗണിക്കുന്നത്. തമിഴ് മുന്‍നിരതാരങ്ങളും പരിഗണിക്കപ്പെടുന്നവരിലുണ്ട്.

എസ്.പിയായ കാലം മുതല്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായാണ് വി.സി സജ്ജനാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാര്‍ത്ഥിനിയുടെ മേല്‍ ആസിഡ് ഒഴിച്ചവരെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീമാണ് മുന്‍പ് വെടിവെച്ച് കൊന്നിരുന്നത്.

നിയമം മറികടന്ന് നടത്തിയ ആ വെടിവയ്പ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഏറെയും കയ്യടികളാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ലേഡി ഡോക്ടറുടെ കൊലപാതകികളെ കൊന്ന സംഭവത്തിലും വലിയ പിന്തുണയാണ് ഹൈദരാബാദിലെ ഈ പൊലീസ് ഉന്നതന് ലഭിക്കുന്നത്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മുതല്‍ നിരവധി പേരാണ് പൊലിസിനെ അഭിനന്ദിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. പൊലീസിന് മേല്‍ പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങള്‍ സംഭവത്തിനു ശേഷം എതിരേറ്റത്.

ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷകള്‍ നീളുന്നതിലുള്ള അമര്‍ഷമാണ് ഇത്രയും പിന്തുണ പൊലീസിന് ലഭിക്കാന്‍ കാരണമായിരിക്കുന്നത്. രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളെ പോലും ഇതുവരെ തൂക്കിലേറ്റിയിട്ടില്ല. സുപ്രീം കോടതി പോലും വധശിക്ഷ ശരിവച്ചിട്ടും ആരാച്ചാരില്ലാത്തതാണ് ശിക്ഷ നടപ്പാക്കാന്‍ വൈകുന്നത്. ദയാ ഹര്‍ജിയുടെ സാധ്യതയില്‍ മറ്റൊരു തടസ്സമാണ്.

ഇതിനിടെയാണ് ഹൈദരാബാദിലും സമാന ആക്രമണമുണ്ടായിരിക്കുന്നത്. ലേഡി ഡോക്ടറെ അക്രമികള്‍ പിടിച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്ത് തീവെച്ച് കൊല്ലുകയായിരുന്നു. ഈ കേസിലെ നാല് പ്രതികളെയും സംഭവ സ്ഥലത്ത് വച്ച് തന്നെയാണ് പൊലീസ് വെടിവെച്ച് കൊന്നിരിക്കുന്നത്.

നക്‌സല്‍ വിരുദ്ധ വേട്ടയിലും നിരവധി എന്‍കൗണ്ടര്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനാണ് സജജനാര്‍ ഐ.പി.എസ്. അദ്ദേഹത്തിന്റെ ഈ ‘വ്യത്യസ്ത’ കര്‍ത്തവ്യബോധം തന്നെയാണ് വെള്ളിത്തിരയില്‍ എത്തിക്കാന്‍ വഴിയൊരുങ്ങുന്നത്.

ആരെയും ഭയക്കാത്ത. . . തൊപ്പി പോയാലും ക്രിമിനലുകളെ പണിഷ് ചെയ്യുമെന്ന, ആ നിശ്ചയ ദാര്‍ഢ്യം സിനിമാ നായക സങ്കല്‍പ്പത്തിനും അപ്പുറമാണെന്നാണ് സിനിമാക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

എക്കാലത്തും പൊലീസ് കഥകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യന്‍ സിനിമാ മേഖലയില്‍ ലഭിക്കാറുള്ളത്. സാങ്കല്‍പ്പിക കഥകള്‍ക്ക് വലിയ സ്വീകാര്യത കിട്ടുമ്പോള്‍ അതിനേക്കാള്‍ വലിയ ഒരു വമ്പന്‍ ഹിറ്റ് റിയല്‍ കഥ പറയുമ്പോള്‍ ഉണ്ടാകുവാനുള്ള സാധ്യതയും ഇനി വളരെ കൂടുതലാണ്.

റിപ്പോര്‍ട്ട് : ടി. അരുണ്‍ കുമാര്‍

Top