ഇദ്ദേഹമാണ് യഥാര്‍ത്ഥ ‘ഇരട്ടച്ചങ്കന്‍’ ; ശസ്ത്രക്രിയയ്ക്കു ശേഷം രോഗിക്ക് രണ്ടു ഹൃദയം

HEART

ഹൈദരാബാദ്: ഇരട്ട ചങ്കന്‍ എന്ന് പലരേയും വിളിച്ചു കേള്‍ക്കാറുണ്ടാകും. അവരുടെ ധൈര്യവും മനക്കട്ടിയും കണക്കിലെടുത്താണ് പലരേയും ഇങ്ങനെ വിളിക്കുന്നത്. എന്നാല്‍, ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി യഥാര്‍ത്ഥത്തില്‍ ഇരട്ട ചങ്കനായിരിക്കുകയാണ്.

രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുന്ന ‘പിഗ്ഗി ബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്’ എന്ന പ്രക്രിയയിലൂടെയാണ് ഇദ്ദേഹം ഇരട്ട ഹൃദയത്തിന് ഉടമയായിരിക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം. ഫെബ്രുവരി 17-നാണ് അമ്പത്താറുകാരനായ രോഗി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയത്.

എന്നാല്‍,ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സാധാരണയുള്ളതിനേക്കാള്‍ വലുപ്പമേറിയ ഹൃദയമായിരുന്നു രോഗിയുടേത്. ശസ്ത്രക്രിയക്കിടെ ലങ് ബ്ലഡ് പ്രഷര്‍ വര്‍ധിച്ചതു മൂലം രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഗോപാല കൃഷ്ണ ഗോഖലെയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. നൂറ്റി അമ്പതില്‍ കൂടുതല്‍ പിഗ്ഗി ബാക്ക് ട്രാന്‍സ്പ്ലാന്റുകളാണ് ലോകത്ത് നടന്നിട്ടുള്ളതെന്ന് ‘ദ് ഹിന്ദു’ റിപ്പോര്‍ട്ട് ചെയിതിരുന്നു.

ഏഴു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. രോഗിയുടെ ഹൃദയത്തിന്റെയും വലതുഭാഗത്തെ ശ്വാസകോശത്തിന്റെയും ഇടയിലാണ് ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ത്തിരിക്കുന്നത്. രക്തചംക്രമണത്തിന് ഇരുഹൃദയങ്ങളും പരസ്പരം സഹായിക്കും. എന്നാല്‍ ഹൃദയമിടിപ്പിന്റെ വേഗത വ്യത്യസ്തമായിരിക്കുമെന്നും ഡോ. ഗോഖലെ കൂട്ടിച്ചേര്‍ത്തു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച മേകല നവീന്‍ കുമാര്‍ എന്ന പതിനേഴുകാരന്റെ ഹൃദയമാണ് രോഗിയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്.

Top