ഹൈദരാബാദ് ഏറ്റുമുട്ടൽ ; അന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

ഹൈദരാബാദ് : ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലിൽ പൊലീസ് വധിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. എട്ടു പേരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിയ്ക്കുക.

രചകൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം ഭഗവതായിരിക്കും പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുക. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കവേയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയായ ശേഷം ഈ സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് തെലങ്കാന സര്‍ക്കാര്‍ അറിയിക്കുന്നത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയിൽ,തെലങ്കാന ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. വിവിധ സംഘടനകളിലെ ഒൻപത് പേരാണ് ഹര്‍ജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികൾ സുപ്രീം കോടതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിയ്ക്കണമെന്നാണ് ആവശ്യം.

Top