ഹൈദരാബാദ് ഇഫ്ലു ലൈംഗികാതിക്രമം; അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എ എ റഹീം

ന്യൂഡൽഹി : ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി ക്യാമ്പസിനകത്ത് വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി.

പതിനെട്ടാം തിയ്യതി രാത്രിയാണ് ക്യാമ്പസിനകത്ത് വെച്ച് രണ്ട് പേർ വിദ്യാർഥിനിയെ അക്രമിക്കുന്നതും അബോധാവസ്ഥയിലാക്കുന്നതും. ഇത്രയും ഗുരുതരമായ അക്രമമുണ്ടായിട്ടും കേന്ദ്ര സർവകലാശാലയുടെ അധികൃതർ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുവാനും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുവാനും ഊർജിത അന്വേഷണം നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം പി കത്തിലൂടെ സൂചിപ്പിച്ചു.

സർവ്വകാലശാലകൾ വിദ്യാർഥി സൗഹൃദമായിരിക്കണമെന്നും വിദ്യാർഥിനികൾക്ക് നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾ തടയുന്നാതിനാവശ്യമായ മുൻകരുതലുകൾ ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.

Top