ഹൈദരാബാദ് ഏറ്റുമുട്ടല്‍; ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കത്തിച്ച് കൊന്ന കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി. കേസ് ഡിസംബര്‍ 11 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയാണ് അറിയിച്ചത്.കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മണിയാണ് ഹര്‍ജി നല്‍കിയത്.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതയുടെ തേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്.വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാര്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ഈ സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേര്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം.

പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.

ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

Top