തെലുങ്കാന ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരുടെ റീപോസ്റ്റ് മോര്‍ട്ടം നടത്താന്‍ എയിംസില്‍നിന്ന് മൂന്നംഗ സംഘം

ഹൈദരാബാദ്:  ഹൈദരാബാദില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗം കേസ് പ്രതികളുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ എയിംസില്‍നിന്ന് മൂന്നംഗ ഫോറന്‍സിക് വിദഗ്ദ്ധരെ ഹൈദരാബാദിലേയ്ക്ക് അയച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് തെലുങ്കാന ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുമാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്.

ഡിസംബര്‍ ആറിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ മാസം ആറിനായിരുന്നു ഹൈദരാബാദ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ വെടിവെച്ച് കൊന്നത്. പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവരാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

നവംബര്‍ 27നാണ് വനിതാ മൃഗഡോക്ടറെ ഇവര്‍ ബലാത്സംഗത്തിനിരയാക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. നവംബര്‍ 28ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ഷംഷാദ്ബാഗില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെക്കുകയായിരുന്നു.

 

 

 

Top