പല പ്രഖ്യാപനങ്ങളും ഉണ്ടായില്ല; തെലങ്കാന മന്ത്രിസഭാ യോഗം അവസാനിച്ചു

ഹൈദരബാദ്: തെലങ്കാന മന്ത്രിസഭാ യോഗം അവസാനിച്ചു. എന്നാല്‍ ഉണ്ടായേക്കുമെന്ന് കരുതിയ പല പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയില്ല.

അതേസമയം,നിരവധി ജനുപ്രിയ തീരുമാനങ്ങള്‍ മന്ത്രി യോഗത്തില്‍ എടുത്തിട്ടുണ്ട്. ഇനി വന്‍ജനാവലിയെ പങ്കെടുപ്പിച്ച് നാലു മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഈ യോഗത്തില്‍ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതിനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. ഇതോടെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലേക്കായിരുന്നു എല്ലാ കണ്ണുകളും എത്തിയത്.

രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാവില്‍ നിന്ന് സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമറാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Top