കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയീന്‍ അലി ശിഹാബ് തങ്ങള്‍. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ലീഗ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയീന്‍ അലി തുറന്നടിച്ചത്.

40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലികുട്ടിയെന്ന് മൊയീന്‍ അലി തങ്ങള്‍ പറഞ്ഞു. ചന്ദ്രികയില്‍ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ് എന്നാല്‍ കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്ന് മൊയീന്‍ അലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു. ലീഗ് പ്രവര്‍ത്തകന്‍ പ്രതിഷേധിച്ചതോടെ വാര്‍ത്താസമ്മേളനം തടസ്സപ്പെട്ടു.

ഹൈദരലി തങ്ങളെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്തം ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിനാണ്. ഷെമീറിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മുസ്ലീംലീഗ് വിശദീകരിച്ചു. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൗണ്ടില്‍ അടച്ചത്.

നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അടച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് വിശദീകരിച്ചു.

Top