അന്ത്യാഞ്ജലിയര്‍പ്പിച്ച് പതിനായിരങ്ങള്‍, ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് വിട ചൊല്ലി നാട്

Panakkad Hyder Ali Shihab Thangal

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് പ്രമുഖരടക്കം ആയിരങ്ങള്‍. മലപ്പുറം ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

മുസ്ലീം ലീഗ് പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവില്‍ നിന്ന് ഹൈദരലി തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. ടൗണ്‍ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന സാഹചര്യത്തിലെ തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം നഗരസഭയിലെ സ്‌കൂളുകളുടെ പ്രവൃത്തി സമയം നാളെ 12 മണി മുതല്‍ നാല് മണി വരെയായിരിക്കുമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.

അങ്കമാലിയിലെ ആശുപത്രിയില്‍ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങള്‍ക്ക് മാത്രമാണ് ഇവിടെ ആദരമര്‍പ്പിക്കാന്‍ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൗണ്‍ഹാളിലേക്ക് എത്തിച്ചത്. ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട് ജുമാ മസ്ജിദില്‍ നടക്കും.

Top