നൈറ്റ് ഷിഫ്റ്റില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തെലുങ്കാനയില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്ന അവസരത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തി സ്ത്രീകളെ
ഇനി മുതല്‍ രാത്രി ഷിഫ്റ്റില്‍ ജോലിക്കിടരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലാണ് രാത്രി ഷിഫ്റ്റില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഉത്തരവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ എതിര്‍ത്ത് സ്തീകള്‍ മുമ്പോട്ട് വന്നിരിക്കുകയാണ്. അതില്‍ പ്രധാനം ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കുന്നത് തങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുമെന്ന് അവര്‍ പറയുന്നു. മാത്രമല്ല ഷിഫ്റ്റിന് പകരം സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍
ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

ക്രൂരകൃത്യം നടത്തിയവരെ മനുഷ്യവര്‍ഗ്ഗത്തില്‍ കൂട്ടാന്‍ പറ്റില്ലെന്നും അവര്‍ മൃഗങ്ങളെക്കാള്‍ കഷ്ടമാണെന്നും കെസിആര്‍ പറഞ്ഞു. പ്രതികളുടെ വിചാരണയ്ക്കായി ഉടന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്നും തക്കതായ ശിക്ഷ നല്‍കുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Top