കൊറോണ കാലം സിനിമയാക്കാനൊരുങ്ങി തെലുങ്ക് യുവ സംവിധായകന്‍

ഹൈദരാബാദ്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ മേഖലകളും സ്തംഭിച്ച അവസ്ഥയാണ്. ഇപ്പോഴിതാ ഈ കൊറോണ കാലത്തെ പ്രമേയമാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുകയാണ് തെലുങ്കിലെ യുവ സംവിധായകന്‍ പ്രശാന്ത് വര്‍മ.

അതിന് ആവശ്യമായ ഗവേഷണങ്ങള്‍ നടത്തി തിരക്കഥാരചന പുരോഗമിക്കുകയാണെന്നും ഏപ്രിലില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൊറോണയുടെ ഭീഷണി മാറി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം ചിത്രീകരണം ആരംഭിക്കും. അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കാജല്‍ അഗര്‍വാള്‍ നായികയായ ‘ആവേ’ എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് വര്‍മ. ‘ആവേ’യുടെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നീണ്ടുപോകുകയും ചെയ്തു. ഡിസംബറില്‍ ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ അത് പ്രമേയമാക്കിയുള്ള സിനിമയുടെ തിരക്കഥ പ്രശാന്ത് എഴുതി തുടങ്ങിയിരുന്നു.

പിന്നീട് ജനുവരി മുതല്‍ പ്രിപ്രൊഡക്ഷന്‍ ജോലികളും തുടങ്ങിയിരുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

Top