ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്ത് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു

ഹൈദരബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹൈദരാബാദില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്.

ഹൈദരാബാദിലെ ക്രിസ്റ്റല്‍ ഗാര്‍ഡനില്‍ നടത്താനിരുന്ന പ്രതിഷേധറാലിക്ക് ഹൈദരാബാദ് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആസാദ് തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘തെലങ്കാനയില്‍ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുകയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ അനുയായികളെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു. തുടര്‍ന്ന് എന്നെ വിമാനത്താവളത്തിലെത്തിച്ച് ന്യൂഡല്‍ഹിയിലേക്ക് അയച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്, ഈ അപമാനം ഒരിക്കലും മറക്കില്ല, എത്രയും വേഗം തിരിച്ചുവരുന്നതായിരിക്കും.’- ആസാദ് ട്വിറ്ററില്‍ കുറച്ചു.

കഴിഞ്ഞ 21നാണ് ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഈ മാസം 16ന് ജാമ്യത്തില്‍ വിടുകയായിരുന്നു.

Top