hyderabad university vc apparao-human right send notice

ഹൈദരാബാദ്: രോഹിത് വെമുലക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം അടിച്ചമര്‍ത്താന്‍ ഹോസ്റ്റലിലെ വെള്ളവും, വൈദ്യുതിയും നിഷേധിച്ച ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിന് തെലങ്കാന മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്.

ആം ആദ്മി പാര്‍ട്ടിയുടെ പരാതിയിലാണ് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് അയച്ചത്. നാളെയാണ് മറുപടി നല്‍കേണ്ടത്. വിസിക്കെതിരായ പ്രതിഷേധത്തിനിടയില്‍ അറസ്റ്റ് ചെയ്ത രണ്ട് അദ്ധ്യാപകരും മലയാളി വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ 29 പേരുടെ ജാമ്യാപേക്ഷ ഹൈദരാബാദ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ താമച്ചിരുന്ന ഹോസ്റ്റലുകളില്‍ മെസുകള്‍ അടച്ചിട്ടും വെള്ളവും ഭക്ഷണവും നല്‍കാതെ പട്ടിണിക്കിട്ടതും മാധ്യമങ്ങളെ വിലക്കിയതും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതും ഗുരുതരമായ കാര്യമാണെന്നാണു പരാതിയില്‍ പറയുന്നു.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് അക്രമം അഴിച്ചു വിടുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പൊലീസുകാരുടെ ക്രൂരപീഡനത്തിന് ഇരയായ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി ഉദയ് ഭാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഭക്ഷണം പാകം ചെയ്തതിനാണ് ഉദയ് ഭാനുവിനെ പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്.

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരുന്ന ഹൈദരാബാദ് സര്‍വ്വകലാശാല വിസി പി അപ്പറാവുവിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിസിയുടെ ഓഫിസിലെ ടിവി അടക്കമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ത്തു. വിസിയുടെ വസതിക്ക് പുറത്തും ഓഫീസിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനെ തുടര്‍ന്ന് 36ഓളം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top