വെടിവെച്ച്‌ കൊല്ലുന്നതുകൊണ്ട് ‘നീതി’ നടപ്പാകില്ല : ആസിഡ് ആക്രമണത്തിനിരയായ പ്രണിത

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതില്‍ പ്രതിഷേധം പല വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്നത്. ചിലര്‍ വെടിവെച്ചതിന് പിന്തുണ അറിക്കുകയും എന്നാല്‍ മറ്റു ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ടു രംഗത്ത് വരികയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ കുറ്റവാളികളെ വെടിവച്ചു കൊല്ലുന്നതുകൊണ്ട് ‘നീതി’ നടപ്പാകില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് 2008ല്‍ വാറങ്കലില്‍ ആസിഡ് ആക്രമണത്തിനിരയായ ടി. പ്രണിത എന്ന യുവതി. ആള്‍ക്കൂട്ടങ്ങള്‍ക്ക് ചെവികൊടുത്ത് പൊലീസ് കുറ്റവാളികളെ വെടിവച്ചു കൊല്ലുന്നതുകൊണ്ട് ഒരുതരത്തിലുമുള്ള നീതി നടപ്പാകുന്നില്ലെന്നും കിരാതമായ ഇത്തരം നടപടികള്‍ പരിഷ്‌കൃത, ജനാധിപത്യ സമൂഹത്തിനു നിരക്കുന്നതല്ലെന്നും പ്രണിത ട്വിറ്ററിലുടെ കുറിച്ചു.

2008 ഡിസംബര്‍ 10നാണു പ്രണിതയ്ക്കും കൂട്ടുകാരി സൗപര്‍ണികയ്ക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായത്. 3 ദിവസത്തിനുശേഷം പൊലീസ് ‘ഏറ്റുമുട്ടലില്‍’ 3 പ്രതികളെയും വധിച്ചിരുന്നു. സംഭവത്തില്‍ പ്രണിത രക്ഷപ്പെട്ടെങ്കിലും സൗപര്‍ണിക 20 ദിവസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

അന്ന് കാകതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു പ്രണിത. 82% മാര്‍ക്കോടെ പ്രണിത ബിടെക് പാസായി 2009 ജനുവരിയില്‍ ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിച്ചു. 2012 ല്‍ വിവാഹിതയായ പ്രണിത ഇപ്പോള്‍ കൊളറാഡോയിലെ ഡെന്‍വറിലാണ് താമസം.

Top