കോളേജ് ഹോസ്റ്റല്‍ ഫുഡില്‍ പാറ്റയും പല്ലിയും; പ്രതിഷേധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതര്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പാറ്റയും പല്ലിയും. ഈസ്റ്റ് ഗോദാവരി ജില്ലയിലെ സൂറം പാളയത്തിലുള്ള ആദിത്യ എഞ്ചിനീയറിങ്ങ് കോളേജിലാണ് സംഭവം.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളില്‍ മിക്കവരുടെയും ആരോഗ്യ സ്ഥിതി മോശമാണ്. ഇത്തരം ഭക്ഷണ തുടര്‍ക്കഥയായതോടെ കഴിഞ്ഞ ദിവസം കോളേജില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ പറ്റി നിരവധി തവണ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇവിടുത്തെ കുട്ടികള്‍ക്ക് ദിവസേന ടൈഫോയിഡും മഞ്ഞപ്പിത്തവും ബാധിച്ചതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിഷയത്തില്‍ കോളേജ് അധികൃതര്‍ പ്രതികരണം നല്‍കാത്തതിനാല്‍ ഇനി സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ പ്രശ്‌നപരിഹാരമുണ്ടാകുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നിലവില്‍ സമരം തുടരുകയാണ്.

Top