hydarabad – 1o standard student dead in zoo

ഹൈദരാബാദ്: ഹൈദരാബാദ് മൃഗശാലയില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പത്താംക്ലാസ് പരീക്ഷ തീര്‍ന്ന ഇന്നലെ മൂത്ത സഹോദരിക്കും ഭര്‍ത്താവിനും ഒപ്പം മൃഗശാലയില്‍ എത്തിയതാണ് പതിനാറുകാരനായ മഞ്ജീത് ചൗധരി.

ബട്ടര്‍ഫ്‌ലൈ പാര്‍ക്കിനടുത്തെത്തിയ മഞ്ജീത് സെല്‍ഫി എടുക്കാനായി തന്നെക്കാള്‍ മൂന്നിരട്ടി പൊക്കമുള്ള റോക്ക് ഫൗണ്ടന്റെ മുകളില്‍ കയറി. കാല്‍ തെന്നി വെള്ളത്തിലേക്ക് വീണ മഞ്ജീതിന്റെ തല പാറയില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ കുട്ടിക്ക് ബോധമില്ലായിരുന്നു. മഞ്ജീതിന്റെ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലായിരുന്നു. ഒസാമാന്യ ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.

ഉന്തു വണ്ടിയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന മഞ്ജീതിന്റെ അച്ഛനമ്മമാര്‍ പത്തു വര്‍ഷം മുമ്പാണ് ഹൈദരാബാദിലേക്ക് കുടിയേറിയത്. മൃഗശാലയിലെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടിക്ക് അപകടമുണ്ടായതെന്ന് ആരോപണം ഉണ്ടായി. എന്നാല്‍ മൃഗശാലാ അധികൃതര്‍ അത് നിഷേധിച്ചു. സംശയകരമായ സാഹചര്യത്തിലുണ്ടായ മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നാനൂറ് ഏക്കറില്‍ പരന്നു കിടക്കുന്ന മൃഗശാലയില്‍ 73 സുരക്ഷാ ജീവനക്കാരുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളോടൊപ്പം വേലിക്കെട്ടില്‍ നിന്ന് എടുത്ത സെല്‍ഫി പത്തൊമ്പതുകാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ജനുവരിയില്‍ മുംബയ് പൊലീസ് സെല്‍ഫി വിലക്കുള്ള പതിനാറ് മേഖലകള്‍ പ്രസിദ്ധീകരിച്ചിരുന്നു. സെല്‍ഫി എടുക്കുന്നതിനിടയില്‍ കടലില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചയാളും പെണ്‍കുട്ടിയും മുങ്ങിമരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ രക്ഷിച്ച ശേഷമായിരുന്നു അയാള്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷവും നിരവധി സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെന്നൈയില്‍ പാഞ്ഞുവന്ന ട്രെയിനു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തു നടന്ന 27 സെല്‍ഫി മരണങ്ങളില്‍ പകുതിയും ഇന്ത്യയിലാണ് നടന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

Top