ഹോണ്ടയുടെ നാലാം തലമുറ പൊളിക്കും; ഇവര്‍ക്ക് ‘ജാസ്’ ഒരു ഭീഷണി ആകും

വാഹന നിര്‍മ്മാതാക്കളില്‍ തലതൊട്ടപ്പന്മാരില്‍ ഒന്നാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. പുതിയ സവിശേഷതകളുമായി പല നിര്‍മ്മാണ കമ്പനികളും മറ്റും വിപണിയില്‍ ഇടം നേടിയെങ്കിലും വാഹന പ്രേമികള്‍ ഹോണ്ടയ്ക്ക് നല്‍കുന്ന സ്ഥാനം ഒന്ന് വേറെ തന്നെയാണ്. അതിന്റെ പ്രതിഫലനമാണ് ഹോണ്ട ഇപ്പോഴും വിപണിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു എന്നുള്ളത്.

അതേസമയം വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ഹോണ്ട ഇപ്പോള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഹോണ്ടയുടെ നാലാം തലമുറ ജാസ് അവതരിപ്പിച്ചു. ജപ്പാനിലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ജാസിനെ പരിചയപ്പെടുത്തിയത്. വാഹനത്തിന്റെ ആദ്യ വില്‍പ്പന 2020 ഫെബ്രുവരിയോടെ ജപ്പാനില്‍ ആരംഭിക്കുമെന്നാണ് സൂചന. പിന്നീട് മറ്റു വിപണികളിലേക്കുമെത്തും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹോണ്ട ജാസ് മൂന്നാം തലമുറയില്‍പ്പെട്ടതാണ്. 2021 തുടക്കത്തിലായിരിക്കും നാലാം തലമുറ ഹോണ്ട ജാസ് ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

ഹോണ്ടയുടെ 2 മോട്ടോര്‍ ഹൈബ്രിഡ് സിസ്റ്റം പുതിയ ജാസില്‍ ഇടംപിടിച്ചു. ബോഡിക്കുചുറ്റും ക്ലാഡിംഗ്, ഡുവല്‍ ടോണ്‍ റൂഫ് എന്നിവയോടെ ഫിറ്റ് ക്രോസ്സ്റ്റാര്‍ എന്ന പേരില്‍ ക്രോസ്-ഹാച്ച് പതിപ്പും വിപണിയിലെത്തിക്കും. കാറിനകത്തെ ഡാഷ്ബോര്‍ഡിന് നടുവില്‍ കൂടുതല്‍ വലിയ ടച്ച്സ്‌ക്രീന്‍ നല്‍കി. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാണാം. 2 സ്പോക്ക് സ്റ്റിയറിംഗ് വളയമാണ് നല്‍കിയിരിക്കുന്നത്. മുന്നിലെയും പിന്നിലെയും വലിയ ക്വാര്‍ട്ടര്‍ ഗ്ലാസുകളും മറ്റ് സവിശേഷ ഹോണ്ട ജാസ് ഘടകങ്ങളും നാലാം തലമുറ മോഡലില്‍ അതേപോലെ തുടരുന്നു. ഇന്ത്യാ സ്പെക് മോഡല്‍ തുടര്‍ന്നും 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ചേക്കും. എന്നാല്‍ ഹോണ്ട അമേസിലേതുപോലെ, ഡീസല്‍ എന്‍ജിനു കൂട്ടായി സിവിടി ഓപ്ഷന്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020 അവസാനത്തിലോ നാലാം തലമുറ ഹ്യുണ്ടായ് എലൈറ്റ് ഐ20, ടാറ്റ ആള്‍ട്രോസ്, മാരുതി സുസുകി ബലേനോ, ഫോക്സ്വാഗണ്‍ പോളോ എന്നിവയായിരിക്കും പുതിയ ഹോണ്ട ജാസിന്റെ പ്രധാന എതിരാളികള്‍.

Top