ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഇടുക്കി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ സിറ്റി കുന്നുപുറത്ത് ഷാജി (51)ആണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീടിന്റെ കിടപ്പു മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മിനി കഴുത്തിനു മാരകമായി വെട്ടേറ്റ നിലയിലായിരുന്നു. കഴുത്തില്‍ കേബിള്‍ മുറുക്കി നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു ഷാജിയുടെ മൃതദേഹം. കേബിളില്‍ തൂങ്ങിയതിനു ശേഷം കേബിള്‍ പൊട്ടി താഴെ വീണതാകാമെന്നാണ് നിഗമനം.

സംഭവം നടക്കുമ്പോള്‍ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.ദമ്പതികള്‍ വീട്ടില്‍ പലപ്പോഴും കലഹിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മദ്യപാന ശീലമുള്ള ഷാജി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഇവരുടെ മൂത്തമകള്‍ അശ്വതിയുടെ വിവാഹം കഴിഞ്ഞു. ഇളയമകള്‍ ആതിര അടിമാലിയില്‍ പഠിക്കുകയാണ്.

തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, മുരിക്കാശേരി സിഐ സജീവ് ലൂയിസ്, എസ്ഐ കെ.ജി.തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Top