ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊന്നു; കോളേജ് പ്രൊഫസറായ ഭാര്യ പിടിയില്‍

crime

ഭോപ്പാല്‍: ഡോക്ടറായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവായ ഡോ. നീരജ് പഥക്കി(65)നെ ഭാര്യ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ദമ്പതിമാര്‍ക്കിടയിലെ അസ്വാരസ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ പറയുന്നത്.

ഏപ്രില്‍ 29ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് ഭാര്യ നീരജ് പഥകിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിനല്‍കിയത്. ഇതിനുശേഷം വൈദ്യുത വയറുകള്‍ കൊണ്ട് ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ച് മരണം ഉറപ്പുവരുത്തി. കൃത്യം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് പ്രൊഫസര്‍ ഡോക്ടറുടെ മരണവിവരം പുറത്തറിയിച്ചത്. ഭര്‍ത്താവ് ഏറെനാളുകളായി അസുഖബാധിതനായിരുന്നുവെന്നാണ് പോലീസിനോടും പറഞ്ഞത്.

ഏപ്രില്‍ 30ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാല്‍ ഝാന്‍സിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രൊഫസറുടെ പെരുമാറ്റവും പോലീസില്‍ സംശയമുണര്‍ത്തി. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിലാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചത്.

 

Top