ഭർത്താവിനെ ഭാര്യയും സുഹൃത്തും ചേർന്ന് കൊന്ന് കുഴിച്ച് മൂടി; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്

ചേർപ്പ്: പാറക്കോവിലിൽ സ്വർണപ്പണിക്കാരനായ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ ഭാര്യയും സുഹൃത്തും ചേർന്ന് ആസൂത്രിതമായി കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ്. കൊല്ലപ്പെട്ട മാലിക്കിന്റെ മൃതദേഹം ഇവർ താമസിച്ചിരുന്ന പറമ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. സ്വർണപ്പണിയിൽ മൻസൂറിന്റെ സഹായിയായ ബീരുവും മൻസൂറിന്റെ ഭാര്യ രേഷ്മാ ബീവിയുമാണ് കൊലപാതകത്തിനു പിന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഭർത്താവിന്റെ ഉപദ്രവം കാരണം മൻസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കാനായിരുന്നു രേഷ്മയുടെ തീരുമാനം. എന്നാൽ, മക്കളുടെ പഠനം ചേർപ്പിൽ ആയിരുന്നു. ഇതിനിടെയാണ് രേഷ്മ ബീരുവുമായി അടുക്കുന്നത്.

ഡിസംബർ 12-ന് രാത്രി ബീരു മദ്യവുമായി എത്തി മുകൾനിലയിലെ മുറിയിൽ മൻസൂറിനൊപ്പം ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ മൻസൂർ മയങ്ങിയതോടെ ബീരു താഴെയെത്തി. രേഷ്മക്കൊപ്പമെത്തി കമ്പിപ്പാരയുമായി ചെന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മൻസൂറിനെ തലക്ക് അടിച്ച് കൊലപ്പെടുത്തി. പിറ്റേന്ന് രാത്രി വീടിന്റെ പുറകു വശത്ത് മൃതദേഹം കുഴിച്ചിട്ടു. കുട്ടികൾ പപ്പയെ അന്വേഷിച്ചപ്പോൾ പുലർച്ചെ കൂട്ടുകാരന്റെ ബൈക്കിൽ കയറി നാട്ടിൽ പോയെന്നാണ് പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ഡിസംബർ 19-ന് രേഷ്മയും ബീരുവും കൂടി ചേർപ്പ് സ്റ്റേഷനിൽ പരാതി നൽകി.

ഭർത്താവുമായി വഴക്കിടുന്നതിനിടെ തന്നെ അടിക്കാൻ എടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി അടിച്ചപ്പോൾ ഭർത്താവ് മരിച്ചു എന്നാണ് ആദ്യം രേഷ്മ പോലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായ ചോദ്യംചെയ്യലിൽ ബീരുവാണ് കൊന്നതെന്ന് രേഷ്മ വെളിപ്പെടുത്തി. വീടിനടുത്തുതന്നെ മൃതദേഹത്തിന്റെ സാന്നിധ്യവും പ്രതികളിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇവർക്കൊപ്പം വീട്ടിൽ ദമ്പതിമാരുടെ രണ്ടു മക്കളും സഹായിയായ ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഈ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്.ഐ.മാരായ പി.ജി. അനൂപ്, പി.ജെ. ഫ്രാൻസിസ്, ടി.ജി. ദിലീപ്കുമാർ, കെ.കെ. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ.മാരായ വിനോദ്, കെ.എം. മുഹമ്മദ് അഷറഫ്, എം. സുമൽ, കെ.പി. രാജു, സഫീർ ബാബു, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, പി.വി. വികാസ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Top