ഭര്‍ത്താവില്‍ നിന്ന് കാമുകിയെ സ്വന്തമാക്കി; നഷ്ടപരിഹാരമായി നല്‍കിയത് 71 ആടുകള്‍ !

ഗൊരഖ്പുര്‍: വിവാഹിതയായ യുവതിയെ സ്വന്തമാക്കാന്‍ കാമുകന്‍ ഭര്‍ത്താവിന് നല്‍കിയത് 71 ആടുകള്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലെ പിപ്രൈച്ച് ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്.

യുവതിയും ഭര്‍ത്താവും കാമുകനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഗ്രാമസഭയാണ് 71 ആടുകളെ സ്ത്രീയുടെ ഭര്‍ത്താവിന് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഗ്രാമ സഭയുടെ നിര്‍ദേശം സ്വീകരിച്ച കാമുകന്‍ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കി യുവതിയെ സ്വന്തമാക്കി.

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വൈകാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇവരെ പിടികൂടി. എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാനില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നുമായിരുന്നു യുവതിയുടെ തീരുമാനം.തുടര്‍ന്ന്, യുവതിയെച്ചൊല്ലി ഭര്‍ത്താവും കാമുകനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. യുവതിയെ വിട്ടുനല്‍കില്ലെന്ന് ഭര്‍ത്താവും കാമുകനൊപ്പം പോകുമെന്ന് യുവതിയും ഉറച്ച നിലപാടെടുത്തതിനെതുടര്‍ന്നാണ് വിഷയം ഗ്രാമസഭയുടെ മുന്നിലെത്തിയത്.

പക്ഷേ ആടുകളുടെ കൈമാറ്റം നടന്നതിന് പിന്നാലെ അടുത്ത പ്രശ്‌നം ഉടലെടുത്തു. യുവതിയെ സ്വന്തമാക്കിയ കാമുകന്റെ അച്ഛനാണ് അടുത്ത പരാതിയുമായി രംഗത്തെത്തിയത്. ആടുകള്‍ തന്റേതാണെന്നും അവയെ വിട്ടുനല്‍കിയത് തന്റെ സമ്മതത്തോടെയല്ലെന്നും അച്ഛന്‍ ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവ് തന്റെ 71 ആടുകളെ മോഷ്ടിച്ചതായി ആരോപിച്ച് ഇയാള്‍ പോലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ യു.പി പൊലീസ്.

Top