കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് കടന്നു; പൊലീസ് കേസെടുത്തു

death

ബീഡ്: കൊവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഗെവ്‌റായി സ്വദേശിയായ 38കാരനാണ് ഭാര്യയുടെ മൃതദേഹവുമായി കോവിഡ് ആശുപത്രിയില്‍നിന്ന് കടന്നു കളഞ്ഞത്. ഇയാള്‍ക്കൊപ്പം ബന്ധുക്കളായ മൂന്നുപേരും സഹായത്തിനുണ്ടായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് യുവാവിനെ കണ്ടെത്തി മൃതദേഹം തിരികെയെത്തിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.

ഏപ്രില്‍ 23നാണ് ഇയാളുടെ ഭാര്യയെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ യുവതി മരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനിരിക്കെ ഭര്‍ത്താവ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. മൃതദേഹം തങ്ങള്‍ക്ക് വിട്ടുതരണമെന്നും നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാകില്ലെന്നും വിട്ടുനല്‍കാനാവില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് യുവാവ് ഭാര്യയുടെ മൃതദേഹവുമായി ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്.

Top