ദളിത് യുവതിയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍

arrested

തൃശൂര്‍: ചെങ്ങാലൂരില്‍ ആളുകള്‍ നോക്കി നില്‍ക്കേ ഭാര്യയെ തീ വെച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായത്. ബുധനാഴ്ച മുംബൈയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ഭാര്യ ജീതു(29)വിനെ ബിരാജു തീകൊളുത്തിയത്. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജീതു മരിച്ചത്.

ജീതുവും ബിരാജും ഏറെ നാളായി പിണങ്ങി താമസിക്കുകയായിരുന്നു. കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്ത 25000 രൂപ തിരിച്ചടയ്ക്കാന്‍ ചെന്നപ്പോഴാണ് ജീതുവിനെ ബിരാജു തീവെച്ചത്. സ്വന്തം പിതാവും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു കൃത്യം അരങ്ങേറിയത്.

തീകൊളുത്തിയതിനു ശേഷം ബിരാജു ഒരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തീ ആളിപ്പടര്‍ന്നു റോഡില്‍ വീണ ജീതുവിനെ കൂടെയുണ്ടായിരുന്ന അച്ഛനും ഇവര്‍ വന്ന ഓട്ടോറിക്ഷ ഡ്രൈവറും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ബിരാജുവും ജീതുവും ആറ് വര്‍ഷം മുമ്പാണ് വിവാഹിതരായത്. കുടുംബവഴക്കിനെ തുടര്‍ന്ന് 26ന് പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇരുവരും വേര്‍പിരിയാന്‍ ധാരണയായിരുന്നു.

Top