സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവം, ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

ആലുവ : ആലങ്ങാട്ട് ഗര്‍ഭിണിയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് ജൗഹറിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. ജൗഹറിന്റെ സുഹൃത്ത് പറവൂര്‍ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാള്‍.

ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിന്റെ പിതാവ് സലീമിനും മര്‍ദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചത്.

തുടര്‍ന്ന് ഭര്‍ത്താവ് ജൗഹര്‍, ജൗഹറിന്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയതിനാല്‍ അന്വേഷണം നടത്തിയ ആലങ്ങാട് സി,ഐ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 

Top