നിവാർ ചുഴലിക്കാറ്റ്, തമിഴ് നാട്ടിൽ ഇന്ന് പൊതു അവധി

പുതുച്ചേരി; തമിഴ് നാടിനെ ഭീതിയിലാക്കി നിവാർ ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റു നിവാർ ഇന്നു കരയിൽ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മഹബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ പുതുച്ചേരി തീരത്തു മണിക്കൂറിൽ 120-145 വേഗതയിൽ ഇന്നു വൈകിട്ടു കര തൊടുമെന്നാണു കാലാവസ്ഥാ പ്രവചനം. മുൻ കരുതൽ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നു പൊതു അവധിയാണ്.

പുതുച്ചേരിയിൽ നാളെ രാവിലെ 6 വരെ നിരോധനാജ്ഞയുമുണ്ട്. ചെന്നൈയിൽ ചുഴലി നാശം വിതയ്ക്കില്ലെന്നാണു നിലവിലെ പ്രചവനം. നിവാർ നാശം വിതയ്ക്കുമെന്നു ആശങ്കയുള്ള കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തിറങ്ങി.

Top