ഐഡ ചുഴലിക്കാറ്റ്; ന്യൂയോര്‍ക്ക് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ വെള്ളത്തില്‍

ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ വെള്ളത്തിലായി. ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ 46 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഫെഡറല്‍ ഭരണകൂടം ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റം നേരിടാന്‍ വലിയ പദ്ധതികള്‍ വേണ്ടിവരുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.

ഐഡ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശ നഷ്ടം ഉണ്ടാക്കിയ ഒരു കാലാവസ്ഥ ദുരന്തമാകാന്‍ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് അറിയിച്ചിരുന്നു. എന്നാല്‍ മുന്‍കരുതലുകള്‍ എടുത്തതിനെ തുടര്‍ന്ന് ദുരന്തത്തില്‍ മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.

Top