നിസര്‍ഗ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരുത്താര്‍ജ്ജിച്ച് തീരം തൊടും

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപപ്പെട്ട നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശക്തിയാര്‍ജ്ജിച്ച് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെയും ചില നേരങ്ങളില്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലുമായിരിക്കും നിസര്‍ഗ വീശിയടിക്കുക.

ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും ദാമനും ഇടയില്‍ നിസര്‍ഗ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍. ഇതേ തുടര്‍ന്ന്, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഗോവയിലെ പാഞ്ചിമില്‍ നിന്ന് 290 കിലോമീറ്ററും, മഹാരാഷ്ട്ര മുംബൈയില്‍ നിന്ന് 310 കിലോമീറ്ററും, ഗുജറാത്തിലെ സൂറത്തില്‍ നിന്നും 530 കിലോമീറ്ററും അകലെയാണ് നിലവില്‍ നിസര്‍ഗയുടെ സ്ഥാനം.

അതേ സമയം കാലവര്‍ഷം ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യല്ലോ അലേര്‍ട്ട്.

നാളെ ആറ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.

Top