ഡോറിയൻ ചുഴലിക്കാറ്റ്; കാണാതായവരുടെ എണ്ണം 1300 ആയി കുറഞ്ഞു

ബഹാമസ് : ഡോറിയന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബഹാമസില്‍ കാണാതായവരുടെ എണ്ണം 1300 ആയി ചുരുങ്ങി. ഒരാഴ്ചക്കിടെ 1200 പേരെ കണ്ടെത്തിയതായി ദേശീയ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. കാണതായവരുടെ പട്ടികയില്‍ പെടുത്തിയ പലരും സ്വന്തം വീടുകളില്‍ സുരക്ഷിതരായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു. ഇപ്പോഴും 1300 ഓളം പേരെ കണ്ടെത്തിയിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, സര്‍ക്കാര്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവരങ്ങള്‍ ലഭ്യമാകുന്നതിന് അനുസരിച്ച് ജനങ്ങളെ അറിയിക്കുമെന്നും ബഹാമസ് പ്രധാനമന്ത്രി ഹുബര്‍ട്ട് മിന്നിസ് വ്യക്തമാക്കി.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്ക ബഹാമസിന് 28 കോടി രൂപ അനുവദിച്ചു. ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ എന്നിവയ്ക്കായാണ് തുക അനുവദിക്കുന്നതെന്ന് അമേരിക്ക അറിയിച്ചു. മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞുവീശുന്ന കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന ഡോറിയന്‍ ചുഴലിക്കാറ്റ് ഈ മാസം ആദ്യമാണ് കരീബിയന്‍ രാജ്യമായ ബഹാമസില്‍ അപകടം വിതച്ചത്.

Top