സേന, എന്‍സിപി, കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ വഴിയില്‍ കുണ്ടും കുഴിയും; എളുപ്പമല്ല ഈ ഭരണം

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയത്തിന്റെ പിന്‍ബലത്തിലാണ് മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് ബിജെപിയില്‍ പിന്തുണ വര്‍ദ്ധിച്ചത്. സഖ്യകക്ഷി ആയത് കൊണ്ട് തന്നെ സേനയുടെ പോക്കറ്റുകളില്‍ ബിജെപി വളര്‍ച്ച നിയന്ത്രിതമായിരുന്നു. ആ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഈ മാറ്റങ്ങള്‍ പ്രകടമായെങ്കിലും സര്‍ക്കാരില്‍ ഒന്നിച്ചു. പക്ഷെ 2019ല്‍ കഥ വീണ്ടും മാറിയപ്പോള്‍ ശിവസേന എതിരാളികളായ എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.

എന്‍സിപിയും, കോണ്‍ഗ്രസും കൈകോര്‍ക്കുന്നതില്‍ വലിയ പ്രശ്‌നങ്ങളില്ല, കാരണം കോണ്‍ഗ്രസില്‍ നിന്നും 1999ല്‍ പിറന്ന പാര്‍ട്ടിയാണ് എന്‍സിപി. എന്നാല്‍ ശിവസേന മറ്റൊരു തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സേനയെ ഉപയോഗിച്ച് മുംബൈയിലെ തൊഴിലാളികള്‍ക്കിടയിലെ ഇടത് വിഭാഗത്തെ അടിച്ചമര്‍ത്തിയ പൂര്‍വ്വകാലം കോണ്‍ഗ്രസിനുണ്ട്. പിന്നീട് തീവ്ര ഹിന്ദുത്വത്തിലേക്ക് ചുവടുമാറിയ സേനയുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ വിഷമിപ്പിക്കും.

വാണിജ്യ തലസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ഭരണം പിടിക്കാനും, ബിജെപിയെ അകറ്റാനുമായാണ് ത്രികക്ഷിസഖ്യം രൂപപ്പെട്ടിരിക്കുന്നത്. ഈ സഖ്യം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഭീഷണിയാണ്, പ്രത്യേകിച്ച് പ്രാദേശിക പാര്‍ട്ടികള്‍ ഒത്തുകൂടുന്നത് അവരുടെ സാധ്യതയെ ബാധിക്കും. അതുകൊണ്ട് തന്നെ മുറിവേറ്റ ബിജെപി ശിവസേനയെ കിട്ടുന്ന അവസരത്തിലെല്ലാം കടന്നാക്രമിക്കും.

വീര്‍സവര്‍ക്കറിന് ഭാരതരത്‌നം നല്‍കുന്നത് മുതല്‍ ഭീമാ കൊറിഗാവോണ്‍ കലാപം, മുസ്ലീങ്ങളുടെ സംവരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ സഖ്യത്തിന് കീറാമുട്ടിയാകും. ചില സംസ്ഥാനങ്ങളുടെ ബജറ്റിലും വലിയ ധനികരായ ബൃഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നയിച്ച പരിചയസമ്പത്ത് മാത്രമാണ് ശിവസേനയ്ക്കുള്ളത്. ഉദ്ധവ് താക്കറെ ആദ്യമായാണ് ഇത്തരമൊരു ശ്രമത്തിന് ഇറങ്ങുന്നത്.

അതുകൊണ്ട് തന്നെ ഭരണനിര്‍വ്വഹണത്തില്‍ അനുഭവസമ്പന്നരായ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ശിവസേനയെ മറികടന്ന് പ്രവര്‍ത്തിക്കാനും സാധ്യതകള്‍ ഏറെ. ശിവസേന പ്രഖ്യാപിച്ചിട്ടുള്ള പല ആനുകൂല്യ വാഗ്ദാനങ്ങളും ഖജനാവിന്റെ അടിത്തറ ഇളക്കാന്‍ പോന്നവയാണ്. കണ്ണുംപൂട്ടി ഇതൊക്കെ ചെയ്യാനിറങ്ങിയാല്‍ മഹാരാഷ്ട്രയുടെ വികാസം അടച്ചുപൂട്ടുന്ന സഖ്യമായി മഹാരാഷ്ട്ര വികാസ് അഗഡി മാറും.

Top