‘പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകണ്ട’; കായികമന്ത്രി വി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദനികുതി കൂട്ടിയതിനെ ന്യായീകരിച്ച് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദുറഹ്മാന്‍. ഇത്തരം കളികള്‍ക്ക് എന്തിന് നികുതി കുറച്ചു കൊടുക്കണം?. അതിന്റെ ആവശ്യകതയെന്ത്?. അമിതമായ വിലക്കയറ്റം നാട്ടിലുണ്ട്. അതുകൊണ്ട് നിരക്ക് കുറച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകണ്ട എന്നും മന്ത്രി പറഞ്ഞു.

നികുതി കുറയ്ക്കാനാകില്ല. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റു വില കുറഞ്ഞില്ല. സംഘാടകര്‍ അമിത ലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതിയാണ് സര്‍ക്കാര്‍ കൂട്ടിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 5 ശതമാനം ആയിരുന്ന വിനോദ നികുതി ഇത്തവണ സര്‍ക്കാര്‍ 12% ആയിട്ടാണ് വര്‍ധിപ്പിച്ചത്.

ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ അധികം നല്‍കേണ്ടി വരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നികുതി 30% ആയി ഉയരും. സെപ്റ്റംബറില്‍ നടന്ന ട്വന്റി20 മത്സരത്തില്‍ 1500 രൂപയും 2750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടിക്കറ്റ് നിരക്ക് 1000, 2000 രൂപയായി കുറച്ചിരുന്നു.

Top