നിരാഹാര സമരം; നാലാം ദിവസം പിന്നിടുന്നു, ഹസാരെയുടെ ആരോഗ്യ നില മോശമെന്ന് റിപ്പോര്‍ട്ട്

പുണെ: അഴിമതിയില്ലാതാക്കാന്‍ ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ആരംഭിച്ച സമരം നാലാം ദിവസത്തിലേക്ക്. അനിശ്ചിത കാല ഉപവാസം നടത്തുന്ന അണ്ണ ഹസാരെയുടെ ആരോഗ്യനില ഇതിനിടെ മോശമാകുന്നതായി റിപ്പോര്‍ട്ട്. എണ്‍പത്തിമൂന്നുകാരനായ ഹസാരെയുടെ രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്നാണ് പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മരണം വരെ സമരം ചെയ്യുമെന്നാണ് അണ്ണ ഹസാരെ അറിയിച്ചിരിക്കുന്നത്. ഹസാരയെ സമരത്തില്‍ നിന്നും തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് തന്റെ സമരപ്പന്തലില്‍ സ്ഥാനമില്ലെന്നും, ഇത് കര്‍ഷകര്‍ക്ക് വേണ്ടിയുളള പോരാട്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ സമരപ്പന്തലിലേക്ക് പിന്തുണയുമായി എത്തുന്നത്.

മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വദിനമായ ജനുവരി 30-നാണ് ഹസാരെ റാളെഗന്‍ സിദിയില്‍ ഉപവാസസമരം ആരംഭിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുതകുന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ഹസാരെ സമരത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

അഴിമതിനിര്‍മാര്‍ജനത്തിനുവേണ്ടിയുള്ള ലോക്പാല്‍-ലോകായുക്ത ബില്ലുകള്‍ 2013-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയിട്ടും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന് ഈ കാര്യത്തില്‍ സുപ്രീംകോടതി നല്‍കിയ താക്കീതുകള്‍ക്കുപോലും ഒരു വിലയുമില്ല. തിരഞ്ഞെടുപ്പുസമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ ലംഘിച്ച മോദിസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഹസാരെ കുറ്റപ്പെടുത്തി.

Top