Hundreds Pay Tribute To Pathankot Martyr Lt Col Niranjan Kumar

പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ ഭൗതീകശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. എളമ്പുലാശേരിയിലെ തറവാട്ടുവളപ്പിലായിരുന്നു സംസ്‌കാരം.

രാവിലെ ഏഴുമുതല്‍ തറവാട് വീടിന് സമീപത്തെ കെഎംയുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിപേരാണ് എത്തിചേര്‍ന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പ്രയാസപ്പെട്ടു.

നിരഞ്ജന് ആദരവര്‍പ്പിച്ച് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും രാവിലെ 11 മണിക്ക് മൗനപ്രാര്‍ത്ഥന നടത്തിയിരുന്നു.

സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു.

niranjan-kumar

ഞായറാഴ്ച അര്‍ധരാത്രി ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിലത്തെിച്ച മൃതദേഹം മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ് ഏറ്റുവാങ്ങിയിരുന്നു. കമാന്‍ഡോ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ദൊഡ്ഡബൊമ്മസന്ദ്ര സുബ്രഹ്മണ്യ ലേ ഔട്ടിലെ നാലാം നമ്പര്‍ വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം കാണാന്‍ സുഹൃത്തുക്കളും അയല്‍വാസികളും ഉള്‍പ്പെടെ നിരവധി പേരാണെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം നാലേകാലോടെ ബംഗളൂരുവില്‍നിന്നു വായുസേനയുടെ ഹെലികോപ്റ്ററില്‍ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ എത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. പിന്നീട് ആറേകാലോടെ തറവാടുവീടായ കളരിക്കല്‍ വീട്ടില്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരക്കണക്കിനുപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

അര്‍ധരാത്രിയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രിമാരായ കെ.ബാബുവും, എ.പി അനില്‍കുമാറും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച നിരഞ്ജന്‍ കുമാര്‍ നാടിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാഗങ്ങള്‍ക്കുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വധിച്ച ഭീകരന്റെ ശരീരത്തിലെ ഗ്രനേഡ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ സേനയിലെ ലഫ്. കേണലായിരുന്നു നിരഞ്ജന്‍ കുമാര്‍.

Top