സിറിയയില്‍ നിന്ന് ഐഎസ് ഭീകരരരെ രക്ഷപ്പെടുത്താന്‍ യുഎസ്-യുകെ സഖ്യസേനയുടെ സഹായം

ലണ്ടന്‍: കഴിഞ്ഞ മാസം സിറിയയിലെ റാഖയില്‍ നിന്ന് നൂറുകണക്കിന് ഐഎസ് ഭീകരര്‍ പലായനം ചെയ്തത് യുഎസ്, യുകെ സുരക്ഷാ സേനയുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ അന്വേഷണാത്മക ഡോക്യുമെന്ററിയിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്.

കാലിഫേറ്റിന്റെ ശക്തികേന്ദ്രമായ റാഖയില്‍നിന്നു അമേരിക്കന്‍, ബ്രിട്ടീഷ്, കുര്‍ദിഷ് സേനകള്‍ ഐഎസ് ഭീകരരെ രക്ഷപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പലായനം ചെയ്തവര്‍ക്കായി ഏര്‍പ്പെടുത്തിയ ട്രക്കുകളിലാണ് ഭീകരര്‍ രക്ഷപ്പെട്ടത്. 250 ഭീകരരും 3500ഓളം വരുന്ന ഇവരുടെ കുടുംബാംഗങ്ങളെയുമാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്.

ഇവരുടെ വാഹനങ്ങളില്‍ വന്‍ തോതില്‍ ആയുധങ്ങളും കടത്തിയിരുന്നു ഇതാണ് റാഖയില്‍ സഖ്യസേന വിജയത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സിറിയയിലും മറ്റു പ്രദേശങ്ങളിലും ഭീകരത പടര്‍ത്തുന്നതിനായായാണ് ഈ രക്ഷപ്പെടുത്തലെന്നും റാഖാസ് ഡേര്‍ട്ടി സീക്രട്ട് എന്ന പേരില്‍ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ വിമര്‍ശിക്കുന്നു.

സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കു പുറത്തുനിന്ന് ഐഎസില്‍ ചേര്‍ന്ന ഭീകരരും ഈ രക്ഷപ്പെടുത്തലില്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

ഫ്രാന്‍സ്, തുര്‍ക്കി, അസര്‍ബൈജാന്‍, പാക്കിസ്ഥാന്‍, യെമന്‍, ചൈന, സൗദി, ടുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവരിലധികവും.

Top