മനുഷ്യന് ശരാശരി 5000 മുഖങ്ങള്‍ ഓര്‍ത്തു വയ്ക്കാനും തിരിച്ചറിയാനും സാധിക്കുമെന്ന് പഠനം

പാരീസ്: മനുഷ്യന് 5000 മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കുടുംബം, പൊതു ഇടങ്ങളിലെ ആളുകള്‍, ടെലിവിഷന്‍ അവതാരകര്‍, ജോലി സ്ഥലത്തെ പരിചയക്കാര്‍.. അങ്ങനെ 24 മണിക്കൂറില്‍ ഒരു മനുഷ്യന് 5000 പേരെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പണ്ട് ആളുകള്‍ താമസിച്ചിരുന്നത് ‘നൂറ് കണക്കിന്’ ആളുകള്‍ക്കിടയിലാണ്. എന്നാല്‍ ഇന്ന് ഓരോരുത്തരും ഇടപെഴകുന്ന ആളുകളുടെ എണ്ണം ‘ആയിരക്കണക്കായി’. 20, 21 നൂറ്റാണ്ടുകളിലാണ് വലിയ മാറ്റം ഈ മേഖലയില്‍ വന്നത്. ടെലിവിഷനും ഇന്റര്‍നെറ്റും ഇതിനെ വലിയൊരളവില്‍ സഹായിച്ചിട്ടുണ്ട്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കാണ് മനുഷ്യ മനസ്സിന്റെ തിരിച്ചറിവ് ശേഷിയെക്കുറിച്ച് പഠനം പുറത്തു കൊണ്ടുവരുന്നത്. ദിവസേന കാണുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ തലച്ചോറിന്റെ ഈ കഴിവും കൂടിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ദിവസേന നിരവധി ആളുകളെ കാണുന്നുണ്ടെങ്കിലും അവയില്‍ തിരിച്ചറിയാന്‍ സാധിക്കുന്നതും ഓര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നതും താരതമ്യേന കുറവാണ്. വ്യക്തി ജീവിതത്തില്‍ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നവരുടെ പേരുകള്‍ (അവരെക്കുറിച്ച്) എഴുതാനാണ് പഠനസംഘം ഗവേഷണത്തിന് തയ്യാറായവരോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പല ആളുകളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു. അവരെ തിരിച്ചറിയാന്‍ ഗവേഷണ വിധേയരായവര്‍ക്ക് സാധിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കി.

ആയിരത്തിനും പതിനായിരത്തിനും ഇടയില്‍ മുഖങ്ങള്‍ ഓരോരുത്തരും തിരിച്ചറിയുന്നതായും ഓര്‍ത്തു വയ്ക്കുന്നതായും സംഘം കണ്ടെത്തി. അതിന്റെ ശരാശരി കണക്കാണ് 5000. വലിയ ഓര്‍മ്മശക്തിയുള്ള ആളുകള്‍ക്ക് 10,000 പേരുടെ മുഖങ്ങള്‍ വരെ ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങളില്‍ സാക്ഷികളുടെ മൊഴി കൃത്യായി രേഖപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഈ പഠനം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ദിവസേന പരിചിതമായി മുഖങ്ങള്‍ വളരെ വേഗത്തിലും കൃത്യതയിലും തിരിച്ചറിയാന്‍ മനുഷ്യനു കഴിയും.

Top