ഹ്യൂമനോയിഡ് റോബോട്ടുകള്‍; യുഎസിലെ ആമസോണ്‍ സംഭരണശാലയില്‍ ജോലിക്കാരായി ‘ഡിജിറ്റ്’

യുഎസിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിക്കുകയാണ് ആമസോണ്‍. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടിനെയാണ് കമ്പനി പരീക്ഷിക്കുന്നത്. കൈകളും കാലുകളും ഉള്ള ഈ റോബോട്ടുകള്‍ക്ക് ചലിക്കാനും പാക്കേജുകള്‍ കണ്ടെയ്നറുകള്‍ വസ്തുക്കള്‍ ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ എന്നിവ എടുക്കാനും മാറ്റിവെക്കാനുമെല്ലാം സാധിക്കും.അതേസമയം ആമസോണിന്റെ ഈ നീക്കത്തിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കാലങ്ങളായി ആമസോണ്‍ തൊഴിലാളികളെ റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് ഒരു ട്രേഡ് യൂണിയന്‍ ആരോപിക്കുന്നു. ആമസോണിലെ ഓട്ടോമേഷന്‍ തൊഴില്‍ നഷ്ടങ്ങളുടെ തുടക്കമാണ് എന്നും ഇതിനകം നൂറുകണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്നതിന് തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നും യുകെയിലെ ജിഎംബി എന്ന ട്രേഡ്യൂണിയന്‍ സംഘാടകന്‍ സ്റ്റുവര്‍ട്ട് റിച്ചാര്‍ഡ് പറഞ്ഞു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഓട്ടോമേഷന്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ആമസോണ്‍.

അതേസമയം തങ്ങളുടെ റോബോട്ടിക് സംവിധാനങ്ങള്‍ ആയിരക്കണക്കിന് പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് ചെയ്തതെന്നാണ് ആമസോണ്‍ പുതിയ റോബോട്ടിക്ക് സംവിധാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. 700ഓളം വ്യത്യസ്ത തരം പുതിയ ജോലികള്‍ രൂപപ്പെട്ടുവെന്ന് ആമസോണ്‍ പറയുന്നു. നിലവില്‍ 7,50,000 റോബോട്ടുകള്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജോലികളിലാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. ഏറെകാലമായി ചെലവ് ചുരുക്കുന്നതിനും ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി കമ്പനി ഓട്ടോമേഷന്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്.

ആമസോണിന്റെ സംഭരണ ശാലകള്‍ ഭാവിയില്‍ പൂര്‍ണമായും ഓട്ടോമേഷനിലേക്ക് മാറുമെന്ന ആരോപണത്തെ ആമസോണ്‍ റോബോട്ടിക്സ് ചീഫ് ടെക്നോളജിസ്റ്റ് ടൈ ബ്രാഡി എതിര്‍ത്തു. ആളുകളെ ഒരിക്കലും പകരംവെക്കാനാവില്ലെന്ന് അദ്ദേഹം സിയാറ്റിലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റ് റോബോട്ടുകളെ സംഭരണ ശാലകളില്‍ വിന്യസിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള റോബോട്ടിന്റെ കഴിവ് പരിശോധിക്കുന്നതിനാണിത്. എങ്കിലും പൂര്‍ണമായും ഓട്ടോമേഷനിലേക്ക് മാറുന്നത് ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ല. ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനും പ്രശ്നങ്ങള്‍ കണ്ടെത്താനുമെല്ലാമായി ആളുകള്‍ അത്യാവശ്യമാണെന്നും എങ്കിലേ ഈ പ്രക്രിയയുടെ പൂര്‍ത്തിയാവുകയുള്ളൂ എന്നും ബ്രാഡി പറഞ്ഞു.

Top