മനുഷ്യ-വന്യജീവി സംഘർഷം; നിയമഭേദഗതി വേണമെന്ന പ്രമേയം നാളെ നിയമസഭയിൽ അവതരിപ്പിക്കും

മനുഷ്യ- വന്യജീവി സംഘർഷങ്ങൾ തടയാൻ നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പ്രമേയം പാസാക്കും. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയം നാളെ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അവതരിപ്പിക്കും. നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. നേരത്തേ പ്രതിപക്ഷം ഇതേ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു.

അതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠേനയാകും പ്രമേയം പാസാക്കുക. ഇതിനിടെ മാനന്തവാടിയിൽ ഭീതിവിറപ്പിച്ച കാട്ടാനയുടെ ഡ്രോൺദൃശ്യങ്ങൾ പുറത്തുവന്നു. ബേലൂർ മഗ്നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ആനയെ മയക്കുവെടിവെക്കാനുള്ള ശ്രമം നാളെയും തുടരും. ഇന്നത്തെ ദൗത്യം അവസാനിച്ചു. കര്‍ഷകനായ പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയെ കാട്ടാന കൊന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

ജില്ലയിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കാട്ടാനയെ ഉടന്‍ മയക്കുവെടിവെച്ച് ജനങ്ങളുടെ ഭീതിയകറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. വ്യാപാരസ്ഥാപനങ്ങളും ഓഫീസും അടച്ചിട്ട് ജനം ഹര്‍ത്താലുമായി സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി എന്നിവര്‍ ആവശ്യപ്പെട്ടു.

Top