കേരളത്തില്‍ നിന്നുള്ള ബോട്ടില്‍ കാനഡയിലേക്കു മനുഷ്യക്കടത്ത്, 59 പേര്‍ പിടിയില്‍

കൊച്ചി: കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം മുന്‍പ് വാങ്ങിയ ബോട്ടാണ് 59 ശ്രീലങ്കന്‍ തമിഴരുമായി മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു യുഎസ് സേന പിടികൂടിയത്.

തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാംപുകളില്‍നിന്ന് ഒളിച്ചോടിയവരായിരുന്നു ബോട്ടില്‍. കഴിഞ്ഞ മാസം 22നു കുളച്ചലില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായിരുന്നു. ഈ ബോട്ടാണ് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം പിടിയിലായത്.

ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണ് ഇതെന്നു സ്ഥിരീകരിച്ചു. ബോട്ട് പിന്നീട് മാലദ്വീപ് നാവികസേനയ്ക്കു കൈമാറി. മാലദ്വീപാണു കഴിഞ്ഞ ദിവസം വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചത്. ധുരയിലെയും തിരുച്ചിറപ്പള്ളിയിലെയും അഭയാര്‍ഥി ക്യാപുകളില്‍നിന്നു കണാതായ 59 പേരാണ് പിടിയിലായതെന്നു തമിഴ്‌നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു.

കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരി ആറുമാസം മുന്‍പ് രാമേശ്വരത്തെ ബന്ധുവിനെന്നു പറഞ്ഞാണ് നീണ്ടകര സ്വദേശി ഷെറീഫില്‍നിന്നു ബോട്ട് വാങ്ങിയത്. കേരളത്തിനു പുറത്തേക്കു ബോട്ട് വില്‍ക്കുന്നതിനു നിയമപരമായ തടസ്സമുള്ളതിനാല്‍ ഈശ്വരിയെ ഇടനില നിര്‍ത്തിയതാണെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട് ക്യൂബ്രാഞ്ചും അന്വേഷണം തുടങ്ങി.

 

Top