ബംഗ്ലാദേശിലേക്ക് മനുഷ്യക്കടത്ത്; ഒരാൾ പിടിയിൽ

ന്യൂഡല്‍ഹി: ബംഗ്ലാദേശിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലദേശ് പൗരനെ ഇന്ത്യന്‍ സൈന്യം പിടികൂടി. ബംഗ്ലാദേശ് സ്വദേശി ഹസന്‍ ഗാസിയാണ് പിടിയിലായത്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഘോജദംഗ ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് ബിഎസ്എഫ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നതിനാല്‍ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

പിടികൂടിയാള്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ്. ഇയാളുടെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍, ഇന്ത്യന്‍ സിം കാര്‍ഡുകള്‍ (എയര്‍ടെല്‍), അഞ്ച് ബംഗ്ലാദേശ് സിം കാര്‍ഡുകള്‍, നിരവധി വ്യാജ ആധാര്‍ കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു.

ചോദ്യം ചെയ്യലിൽ ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും 20 വര്‍ഷമായി അനധികൃതമായി രാജ്യത്ത് കഴിയുകയാണെന്നും സമ്മതിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top