മുനമ്പം മനുഷ്യക്കടത്ത് ; ബോട്ടുവാങ്ങിയതിന് ഇടനില നിന്നത് ആറ് ബ്രോക്കര്‍മാരെന്ന് പൊലീസ്

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് സംഭവത്തില്‍ ബോട്ടുവാങ്ങാന്‍ ഇടനില നിന്നത് ആറ് ബ്രോക്കര്‍മാരുടെ സംഘമെന്ന് പൊലീസ്. മുനമ്പം സ്വദേശിയുടെ ദേവമാതാ എന്ന ബോട്ടാണ് ഇടനിലക്കാര്‍ വഴി മനുഷ്യക്കടത്തുകാര്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ആറംഗ ഇടനിലക്കാരില്‍ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

മനുഷ്യക്കടത്തിനാണ് ബോട്ടെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ബോട്ടിനായി ഒരു തമിഴ്‌നാട് സ്വദേശിയാണ് തങ്ങളെ സമീപിച്ചതെന്നും ഇടനില നിന്നതിന് 55,000 രൂപവീതം ലഭിച്ചുവെന്നുമാണ് ബ്രോക്കര്‍മാര്‍ പൊലീസിന് മൊഴി നല്‍കിയത്.

മുഖ്യപ്രതി ശ്രീകാന്തനെ ഇവര്‍ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍, ഇയാളുടെ ഫോണിലേക്ക് വിളിച്ചിട്ടുള്ള രേഖകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം മുനമ്പം വഴി നടന്ന മനുഷ്യക്കടത്തില്‍ അന്വേഷണം രാജ്യാന്തര തലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു. പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും.

മുനമ്പം മനുഷ്യക്കടത്ത് സംഘം ചെറായിയില്‍ പിറന്നാള്‍ സല്‍ക്കാരം ഒരുക്കിയതിനുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. സംഘത്തിലെ യുവതി പ്രസവിച്ചതിന് പിന്നാലെയായിരുന്നു ആഘോഷംനടന്നത്. ജനുവരി മൂന്നിന് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ കുട്ടിക്ക് സമ്മാനിച്ച വളകള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കിട്ടി. വളകള്‍ വാങ്ങിയത് പറവൂരിലെ ജ്വല്ലറിയില്‍ നിന്നാണെന്നും തെളിഞ്ഞു.

മുന്‍പ് നടന്ന മനുഷ്യക്കടത്തുകളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ ലോക്കല്‍ പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റൂറല്‍ പ്രദേശത്തെ ഹാര്‍ബറുകളില്‍ ജാഗ്രത വേണമെന്നും ബോട്ടുകളുടെയും കടലില്‍പോകുന്നവരുടെയും കണക്കെടുക്കാനും ഇന്റലിജന്‍സ് നിര്‍േദശിച്ചിരുന്നു. കൂടുതലായി ബോട്ടുകള്‍ വന്നാലും പോയാലും തിരിച്ചറിയണമെന്ന നിര്‍ദേശവും പൂര്‍ണമായും അവഗണിക്കുകയായിരുന്നു.

Top