മുനമ്പം മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളിലും പൊലീസ് പരിശോധന

കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളിലും പൊലീസ് പരിശോധന നടത്തുന്നു.

രാമേശ്വരത്ത് നിന്നടക്കം നിരവധിപേര്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതിന് കൊച്ചിയിലെത്തിയെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ഇതിനിടെ ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവടക്കമുളള ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേസമയം, മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ 91 പേര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ജനുവരി നാലു മുതല്‍ പതിനൊന്ന് വരെയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.

മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് പിടിയിലായ ദീപക്കിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. ദീപക്കിന്റെ ഭാര്യയും കുഞ്ഞും യാത്രാ സംഘത്തിലുണ്ടെന്നും യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്നുമാണ് മൊഴിയിലുള്ളത്.

Top