‘ഇലന്തൂരിലെ നരബലി, പരിഷ്കൃത സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്തത്’; വീണ ജോ‍ർജ്

പത്തനംതിട്ട: ഇലന്തൂരിലുണ്ടായ നരബലി പരിഷ്കൃത സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണ ജോ‍ർജ്. രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിക്കുന്നതാണ്. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണെന്ന് മന്ത്രി പ്രതികരിച്ചു. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂരസംഭവത്തിന്റെ ചുരുളുകൾ അഴിച്ചത്. ശക്തവും മാതൃകാപരവുമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ വഴിത്തിരിവായത് കടവന്ത്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതിയാണ്. 50 കാരിയായ ലോട്ടറി കച്ചവടം നടത്തിവരുന്ന പത്മയെന്ന യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്ക് എത്തിച്ചതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന റഷീദുമാണ് നരബലി നടത്തിയത്.

ഏജന്റ് സ്ത്രീകളെ തിരുവല്ലയിലെ ദമ്പതിമാരുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ പത്മം എന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു.സെപ്തംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നരബലി ആണെന്ന് കണ്ടെത്തിയത്. കടവന്ത്രയില്‍ പൊന്നുരുഞ്ഞി സ്വദേശിയെയാണ് ബലി നല്‍കിയത്.

 

Top