ആംസ്റ്റര്‍ഡാം: ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങള്‍ കൈമാറുകവഴി യുദ്ധക്കുറ്റങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഡച്ച് സര്‍ക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ കോടതിയില്‍. ഗസ്സയില്‍ ബോംബുവര്‍ഷത്തിന് പ്രധാനമായും ഉപയോഗപ്പെടുത്തുന്ന എഫ്-35 വിമാനങ്ങളുടെ ഭാഗങ്ങളാണ് നെതര്‍ലന്‍ഡ്‌സ് രാജ്യത്ത് സൂക്ഷിച്ച് കൈമാറുന്നത്.
ആയിരക്കണക്കിന് കുരുന്നുകളടക്കം നിരപരാധികളുടെ മരണത്തില്‍ ഡച്ച് സര്‍ക്കാറും പങ്കാളിയായെന്ന് പരാതിക്കാരായ ഓക്‌സ്ഫാം അടക്കം സംഘടനകള്‍ കുറ്റപ്പെടുത്തി. ഡച്ച് സന്നദ്ധ സംഘടനകളായ റൈറ്റ്‌സ് ഫോറം, പി.എ.എക്‌സ് എന്നിവയാണ് മറ്റു പരാതിക്കാര്‍.
ആയുധക്കയറ്റുമതി വഴി യുദ്ധക്കുറ്റങ്ങളില്‍ ഭാഗമായെന്ന പരാതിയില്‍ ഹേഗിലെ ജില്ല കോടതി വാദം കേള്‍ക്കും.കോടതി കയറുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്ന് ഓക്‌സ്ഫാം നെതര്‍ലന്‍ഡ്‌സ് വിഭാഗം ഡയറക്ടര്‍ മിഷിയേല്‍ സെര്‍വയ്‌സ് പറഞ്ഞു. ”പല തവണയായി ഉന്നതതലങ്ങളില്‍ പോലും അടിയന്തര വെടിനിര്‍ത്തലിനും മാനുഷിക സഹായം എത്തിക്കാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ദീര്‍ഘകാല പരിഹാരത്തിനും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സൈനിക ഉപകരണങ്ങള്‍ നല്‍കുകവഴി ഈ യുദ്ധക്കുറ്റങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് തന്നെ ഭാഗമാകുന്നത് വേദനാജനകമാണ്”- അദ്ദേഹം തുടര്‍ന്നു.യു.എസ് നിര്‍മിത എഫ്-35 വിമാന ഭാഗങ്ങളുടെ മേഖലയിലെ സംഭരണശാലയാണ് നെതര്‍ലന്‍ഡ്‌സിലുള്ളത്. ഒക്ടോബര്‍ ഏഴിനു ശേഷവും ഇസ്രായേലിലേക്ക് ഇവ കയറ്റി അയച്ചതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. വിഷയത്തില്‍ ഡച്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.