സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് യൂണിഫോമും, നെയിംപ്ലേറ്റും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ക്ലീനര്‍മാര്‍ക്ക് നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടും അത് നടപ്പാക്കാത്തതിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. സ്വകാര്യ ബസ് ക്ലീനര്‍മാര്‍ യൂണിഫോമും നെയിംപ്ലേറ്റും ധരിക്കുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് നിര്‍ബന്ധമായും ഉറപ്പാക്കണമെന്നും, വീഴ്ചവരുത്തുന്ന ബസ് ജീവനക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

അതേസമയം, സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ നെയിംപ്ലേറ്റ് ധരിക്കണമെന്ന ഉത്തരവിന് 12 വയസിന്റെ പഴക്കമുണ്ടെങ്കിലും ഇന്നും നടപ്പായിട്ടില്ലെന്നതാണ് വസ്തുത. ബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് 2011 മാര്‍ച്ചിലായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കാക്കിഷര്‍ട്ടില്‍ ഇടതുപോക്കറ്റിന്റെ മുകളില്‍ നെയിം പ്ലേറ്റുകള്‍ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പര്‍ എന്നിവയും ഇതിനോടൊപ്പം ഉണ്ടാവണം. മലയാളത്തിലോ, ഇംഗ്ലീഷിലോ കറുത്ത അക്ഷരത്തില്‍ പേരെഴുതാനും നിര്‍ദേശമുണ്ട്.

ബസില്‍ യാത്ര ചെയ്യുമ്പോള്‍ അതിക്രമംകാട്ടുന്ന ജീവനക്കാരനെതിരേ പോലീസിലോ, മറ്റോ പരാതി നല്‍കണമെങ്കില്‍ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാന്‍ ഉപകരിക്കുമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ചത്. ജീവനക്കാര്‍ മാറിമാറി വരുന്നതിനാല്‍ അവരുടെ പേരും മറ്റ് വിവരങ്ങളും അറിയുക എന്നത് പ്രായോഗികമല്ലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അതിക്രമമുണ്ടായാല്‍ പോലീസിലോ, വനിതാ സെല്ലിലോ ആര്‍.ടി.ഒ.യ്‌ക്കോ പരാതിനല്‍കാന്‍ തടസ്സമാവരുതെന്ന് മനസ്സിലാക്കിയാണ് കണ്ടക്ടര്‍മാര്‍ പോലീസുകാരുടേതുപോലെ നെയിംപ്ലേറ്റ് ധരിക്കണമെന്നു നിര്‍ദേശിച്ചത്.

തുടക്കത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും നടപ്പായെങ്കിലും ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയൊന്നുമെടുക്കാതായതോടെ നിലച്ചു. ചിലയിടങ്ങളില്‍ ആര്‍.ടി.ഒ. അന്ത്യശാസനം നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ബസ്സുടമകളും ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയായിരുന്നു. നെയിംപ്ലേറ്റ് ധരിക്കാത്ത കണ്ടക്ടര്‍മാര്‍ക്ക് 1000 രൂപ പിഴ ഈടാക്കണമെന്നാണു നിര്‍ദേശിച്ചത്. വീണ്ടും നിയമം ലംഘിച്ചാല്‍ കണ്ടക്ടറുടെ ലൈസന്‍സ്തന്നെ റദ്ദാക്കാനും നിയമത്തില്‍ വകുപ്പുണ്ട്.

Top