ഹരിത കര്‍മസേന; കൊച്ചി നഗരസഭയെ വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമീഷന്‍

കൊച്ചി: ഹരിത കര്‍മസേന രൂപവത്കരിക്കുന്നതില്‍നിന്ന് കൊച്ചി നഗരസഭയെ വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമീഷന്‍. വര്‍ഷങ്ങളായി ഒരു ആനുകൂല്യവും ലഭിക്കാതെ ജോലി ചെയ്യുന്ന തങ്ങളെ ഒഴിവാക്കി കുടുംബശ്രീക്ക് കീഴില്‍ കൊച്ചി നഗരസഭ രൂപം നല്‍കുന്ന ഹരിതകര്‍മ സേനയെ വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കിയാണ് കമീഷന്‍ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.

നഗരസഭയിലെ 74 ഡിവിഷനുകളിലും മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് സംസ്‌കരിക്കാന്‍ കുറ്റമറ്റ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ നഗരസഭ പരിധിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ മാലിന്യ ശേഖരണ തൊഴിലാളികളെയും ഉള്‍പ്പെടുത്തി ഹരിതകര്‍മ സേന രൂപവത്കരിക്കാന്‍ തീരുമാനിച്ചതെന്നാണ് കമീഷന് നഗരസഭ റിപ്പോര്‍ട്ട് നല്‍കിയത്.

നിലവിലുള്ള തൊഴിലാളികള്‍ മുഴുവന്‍ ഹരിതകര്‍മ സേനയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പരാതിക്കാരന് വീണ്ടും കമീഷനെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ജില്ല മാലിന്യശേഖരണ തൊഴിലാളി യൂനിയന്‍ ജില്ല സെക്രട്ടറി വി.എന്‍. ബാബു സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കികൊണ്ടാണ് ഉത്തരവ്.

Top