പോക്‌സോ കേസുകളിലെ കുറ്റവാളികളുടെ ശിക്ഷാ നിരക്കില്‍ ഇടിവ് സംഭവിക്കുന്നതായി മനുഷ്യവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷാ നിരക്ക് കുറയുന്നതായി സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍. നിരവധി കാരണങ്ങള്‍ മുഖേനയാണ് പോക്‌സോ കേസുകളിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് സംബന്ധിച്ച് കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും കമ്മീഷന്‍ കത്ത് നല്‍കി. ശിക്ഷാ നിരക്കിലെ ഇടിവുമായി ബന്ധപ്പെട്ട് എഡിജിപി സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള കത്താണ് മനുഷ്യവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് കൈമാറിയത്.

പണവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിച്ച് കോടതിക്ക് പുറത്ത് കേസുകള്‍ തീര്‍പ്പാക്കുക, പരാതിക്കാരും സാക്ഷികളും മൊഴിമാറ്റി പറയുക എന്നീ പ്രശ്‌നങ്ങള്‍ വ്യാപകമാണെന്ന് ഹൈക്കോടതിക്കും സര്‍ക്കാരിനും നല്‍കിയ പരാതിയില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു.

അന്വേഷണത്തിലെ കാലതാമസം, തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നതിലെ പരാജയം, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലെ വീഴ്ച എന്നിവയും യഥാര്‍ഥ പ്രതികള്‍ രക്ഷപെടുന്നതിനുള്ള കാരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു . വിഷയം സംബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ വി ദേവദാസായിരുന്നു കമ്മീഷന് പരാതി നല്‍കിയത്.

പോക്‌സോ കേസുകളില്‍ ശിക്ഷാനിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശകളും എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സിആര്‍പിസിയുടെ 164-ാം വകുപ്പ് പ്രകാരം, മജിസ്ട്രേറ്റിന്റെ മുന്‍പാകെ ഇരകളെ സമര്‍പ്പിച്ച് മൊഴി രേഖപ്പെടുത്തുന്നതിലൂടെ മൊഴിമാറ്റുന്ന പ്രവണത ഒഴിവാക്കാന്‍ സാധിക്കുമെന്ന് എഡിജിപി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ആരോപണവിധേയമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിന് വാക്കാലുള്ള തെളിവുകളെ മാത്രം ആശ്രയിക്കാതെ സാഹചര്യപരവും ശാസ്ത്രീയവുമായ തെളിവുകള്‍ ശേഖരിക്കണമെന്നും ആവശ്യപ്പെടുന്നു.

പോക്‌സോ കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ശേഖരിച്ച തെളിവുകള്‍ പര്യാപ്തമാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമോപദേശം തേടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒപ്പം ഇത്തരം കേസുകളുടെ വിചാരണ വേളയില്‍ പോക്സോ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയമിക്കാനും എഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Top