പി.വി.സി ഹോസ് നിര്‍മ്മാണ യൂണിറ്റ്; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന്. . .

കൊല്ലം: ഓച്ചിറയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഹോസ് നിര്‍മ്മാണ യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഓച്ചിറ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സംസ്ഥാനത്തിന്റെ പുരോഗതിക്ക് വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെങ്കിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുക്കണമെന്നാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞത്. സ്ഥാപനം ആരംഭിച്ചാല്‍ പ്രദേശവാസികള്‍ക്ക് മാറാരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസി റിയാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഓച്ചിറ പഞ്ചായത്ത് സെക്രട്ടറിയും കൊല്ലം ജില്ലാ പരിസ്ഥിതി എഞ്ചിനീയറും കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പി.വി.സി. ഹോസ് യൂണിറ്റിനു വേണ്ടി ഓണ്‍ലൈന്‍ വഴി അപേക്ഷ ലഭിച്ചെങ്കിലും പരിശോധനയില്‍ വിവരങ്ങള്‍ ക്യത്യമല്ലെന്ന് കണ്ടെത്തി മടക്കിയിരുന്നു. ഇതിനെതിരെ യുണിറ്റുടമ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരന്റെ വാദം കേട്ട് മൂന്നാഴ്ചക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിയറിംഗ് നടത്തി നിബന്ധനകളോടെ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കി. ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമുള്ള മലിനീകരണ സംവിധാനങ്ങള്‍ സ്ഥാപിച്ചാല്‍ മാത്രം തുടര്‍ അനുമതി നല്‍കുന്നതാണ്. സ്ഥാപനത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനാനുമതി നല്‍കിയില്ലെന്ന് ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇതിനെതിരെ ഹൈക്കോടതിയിലും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണലിലും കേസുണ്ട്.

Top