നൗഷാദ് തിരോധാന കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കണം

പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കുറ്റം സമ്മതിച്ചത് പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഉത്തരവ്. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വായില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും അഫ്‌സാന പറഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം യുവാവിനെയും കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. അഫ്‌സാനയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജേഷ് എന്നയാളുടെ പേര് പരാമര്‍ശിക്കുന്നത്.

നൗഷാദ് തിരികെയെത്തിയില്ലായിരുന്നെങ്കില്‍ രാജേഷും കേസില്‍ പ്രതിയാകുമായിരുന്നു. രാജേഷ് എന്ന സുഹൃത്തിന് കേസില്‍ പങ്കുണ്ടെന്ന് അഫ്‌സാന മൊഴിനല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്‌സാന മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നൗഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴിയുണ്ടായിരുന്നതായി പൊലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.

Top