യുവാവിന്റെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യവകാശ കമ്മീഷന്‍

തൃശൂര്‍: തൃശൂര്‍ കിഴുപ്പിള്ളിക്കരയില്‍ എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് കേസെടുത്തത്. വിശദമായ അന്വേഷണം നടത്തി എക്‌സൈസ് കമ്മീഷണര്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അക്ഷയിനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുകയെന്ന് അന്തിക്കാട് എസ്‌ഐ പറഞ്ഞു. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.

യുവാവ് കരഞ്ഞുവിളിച്ചിട്ടും എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഹായിച്ചില്ലെന്നും പരാതിക്കാരനായ പ്രദേശവാസി യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ ദൃശ്യം ചിത്രീകരിച്ചതിലും കടുത്ത പ്രതിഷേധം നാട്ടുകാര്‍ക്കിടയിലുണ്ട്. ശനിയാഴ്ച വൈകിട്ടാണ് യുവാവ് പുഴയില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. മരിച്ച അക്ഷയ് തൃപ്രയാര്‍ സ്വദേശിയാണ്.

Top